ന്യൂഡൽഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി പണപ്പെരുപ്പം രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എക്കാലത്തെയും കുറഞ്ഞ പണപ്പെരുപ്പമാണ് 2025 സാന്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിലുണ്ടായിട്ടുള്ളതെന്ന് 2025-26ലെ സാന്പത്തിക സർവേ റിപ്പോർട്ട്.
2025 ഏപ്രിൽ മുതൽ ഡിസംബർ വരെ രാജ്യത്തിന്റെ ആഭ്യന്തര പണപ്പെരുപ്പം 1.72 ശതമാനം മാത്രമാണെന്ന് ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. വരുന്ന സാന്പത്തികവർഷത്തിലും പണപ്പെരുപ്പത്തിൽ ആശങ്കപ്പെടേണ്ടി വരില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പണപ്പെരുപ്പത്തിന്റെ അനുവദനീയമായ പരിധിക്കുള്ളിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിപിഐ അടിസ്ഥാനത്തിലുള്ള രാജ്യത്തിന്റെ റീട്ടെയ്ൽ പണപ്പെരുപ്പം കഴിഞ്ഞ നാല് സാന്പത്തിക വർഷങ്ങളിലും തുടർച്ചയായി കുറയുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യ-യുക്രെയ്ൻ സംഘർഷം ആരംഭിച്ച 2022-23ൽ പണപ്പെരുപ്പം 6.66 ശതമാനമായിരുന്നിടത്തുനിന്നാണ് 2025-26ൽ ശരാശരി പണപ്പെരുപ്പം 1.72 ആയി കുറഞ്ഞത്. ആർബിഐയുടെ അനുവദനീയമായ പണപ്പെരുപ്പം (ടോളറൻസ് ബാൻഡ്) രണ്ടു മുതൽ ആറ് ശതമാനം വരെയായിരിക്കുന്പോൾ ഇതിലും കുറവാണ് രാജ്യത്തെ ശരാശരി പണപ്പെരുപ്പം.
വരുന്ന സാന്പത്തിക വർഷം രാജ്യത്തെ ശരാശരി പണപ്പെരുപ്പം നാല് ശതമാനത്തിൽ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് അന്താരാഷ്ട്ര നാണയനിധി ഫണ്ടും (ഐഎംഎഫ്) ആർബിഐയും പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം 2026ൽ 2.8 ശതമാനവും 2027ന്റെ തുടക്കത്തിൽ നാല് ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചനം.
അതിനിടെ 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിസർവ് ബാങ്കിന്റെ അനുവദനീയ പരിധിയേക്കാൾ മുകളിൽ കേരളത്തിലും ലക്ഷദ്വീപിലും മാത്രമാണ് പണപ്പെരുപ്പമുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ആർബിഐയുടെ ഏറ്റവുമുയർന്ന ടോളറൻസ് ബാൻഡ് ആറ് ശതമാനമായിരിക്കുന്പോൾ കേരളത്തിൽ 8.05 ശതമാനവും ലക്ഷദ്വീപിൽ 6.69 ശതമാനവുമാണ് ഈ സാന്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിലുള്ള പണപ്പെരുപ്പം. 2025 ജനുവരി മുതൽ രാജ്യത്ത് ഏറ്റവും വിലക്കയറ്റത്തോതുള്ള സംസ്ഥാനം കേരളമാണ്.
രാജ്യത്ത് ആളോഹരി സ്വർണ ഉപഭോഗത്തിൽ കേരളം മുന്നിലാണെന്നതും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട വേതനനിരക്കും ജിസിസി രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തോതിൽ പണമെത്തുന്നതും പച്ചക്കറികളടക്കം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതും കേരളത്തിലെ പണപ്പെരുപ്പം വർധിക്കാൻ കാരണങ്ങളാണ്.